കണ്ണൂർ: ഓർമയില്ലേ സുകുമാരനെ? ഈ സുകുമാരനോടാണ് പണ്ട് എം.വി.ജയരാജൻ "താനാണോടോ സിപിഎം പ്രവർത്തകരുടെ നേർക്ക് കമ്പി പ്രയോഗിക്കുന്ന സുകുമാരൻ" എന്ന വിഖ്യാതമായ ഡയലോഗ് കാച്ചിയത്. സിപിഎം ൻ്റെ നോട്ടപ്പുള്ളിയായിരുന്ന ആ മുൻ ഡിവൈസ്പി പി. സുകുമാരനാണ് ഇപ്പോൾ ബിജെപിയിൽ ചേർന്നത്. അരിയിൽ ഷുക്കൂർ, ഫസൽ വധക്കേസ് കേസുകൾ അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു പി. സുകുമാരൻ. പ്രമാദമായ പല കേസുകളിലും കർശനമായ നിലപാട് സ്വീകരിച്ചതിൻ്റെ പേരിൽ നിരന്തരം സിപിഎം ൻ്റെ വെല്ലുവിളികൾ നേരിടേണ്ടി വന്ന ഉദ്യോഗസ്ഥനായിരുന്നു സുകുമാരൻ. ഇരിട്ടി ഡി വൈ എസ് പി ആയിരിക്കുമ്പോൾ മാവോയിസ്റ്റ് കേസുകളുടെ അന്വേഷണച്ചുമതലയും സുകുമാരനായിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ അറസ്റ്റിലേക്ക് നീണ്ട അന്വേഷണങ്ങളിലും സുകുമാരൻ ഭാഗമായിരുന്നു.
കണ്ണൂരിലെ ബിജെപി പാർട്ടി ആസ്ഥാനത്ത്. നേരിട്ട് എത്തിയാണ് സുകുമാരൻ അംഗത്വം സ്വീകരിച്ചത്.
മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത്, ജില്ലാ പ്രസിഡൻ്റ് എൻ ഹരിദാസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുകുമാരൻ്റെ ബിജെപി പ്രവേശനം. കേരളത്തിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചയായി മാറാനാണ് സാധ്യത.
Former DYSP P. Sukumaran in BJP...